ഡിവോഴ്‌സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം: വേര്‍പിരിഞ്ഞ ഭാര്യ കാണാന്‍ എത്തി, വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് ദമ്പതികള്‍

ഗസിയാബാദ്: ഡിവോഴ്‌സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം, വിവാഹമോചിതയായ ഭാര്യ വീണ്ടും ഭര്‍ത്താവുമായി ഒന്നിച്ചു. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹം വീണ്ടും നടത്തി ബന്ധുക്കള്‍. ഗസിയാബാദിലെ കൗസമ്പിയിലാണ് സന്തോഷകരമായ നിമിഷം നടന്നത്.

വിനയ് ജയ്‌സ്വാളും പൂജ ചൗധരിയുമാണ് വീണ്ടും ജീവിതത്തില്‍ ഒന്നിച്ചത്. 2012ലായിരുന്നു ഇവരും വിവാഹിതരായത്. എന്നാല്‍ വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കാര്യങ്ങള്‍ വഷളായതോടെ അവര്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഗസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രിംകോടതി എന്നിങ്ങനെ മൂന്ന് കോടതികളിലൂടെയും വിവാഹമോചന കേസ് കടന്നുപോയത്. കേസിനായി അഞ്ചുവര്‍ഷം ഇവര്‍ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവില്‍ 2018ല്‍ കോടതി വിവാഹമോചനം അനുവദിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ വിനയിന് ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഇതറിഞ്ഞ പൂജ മുന്‍ഭര്‍ത്താവിന്റെ സുഖവിവരങ്ങള്‍ അറിയാന്‍ ആശുപത്രിയിലെത്തി. ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചതോടെ വീണ്ടും പ്രണയം തളിര്‍ത്തു. പ്രശ്‌നങ്ങള്‍ എല്ലാം മറന്ന് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ നവംബര്‍ 23ന് വീണ്ടും വിവാഹിതരായി. ഗസിയാബാദ് കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (സെയില്‍) അസിസ്റ്റന്റ് മാനേജരാണ് വിനയ് ജയ്സ്വാള്‍. പട്‌ന സ്വദേശിയായ പൂജ അധ്യാപികയാണ്.

Exit mobile version