ഡെറാഡൂണ്‍: 17 ദിവസത്തെ അഹോരാത്രം കണ്ണിമ ചിമ്മാതെയുള്ള രക്ഷാപ്രവര്‍ത്തനം സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികള്‍ക്കും പുതുജന്മം നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് എല്ലാ തൊഴിലാളികളെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയത്.
രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഒരു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികള്‍ ഇപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് കഴിഞ്ഞ ദിവസം വിജയമായത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തില്‍ അധികം വരുന്ന ആംബുലന്‍സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ടായിരുന്നു. ഒരാളെ പുറത്ത് എത്തിക്കാന്‍ 4 മിനിറ്റാണ് വേണ്ടി വന്നത്.
മാനുവല്‍ ഡ്രില്ലിങിന് ഒപ്പം മല തുരന്നുള്ള ഡ്രില്ലിങ്ങും നടത്തിയെങ്കിലും മലതുരന്നുള്ള ഡ്രില്ലിങ് ഉച്ചയോടെ അവസാനിപ്പിച്ചു. തൊഴിലാളികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, കേന്ദ്രമന്ത്രി ജനറല്‍ വി കെ സിംഗ് എന്നിവര്‍ തുരങ്കത്തില്‍ എത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റുമായി ബന്ധുക്കളും സില്‍ക്യാരയില്‍ എത്തിയിരുന്നു. ഇതിനിടെ സില്‍ക്യാര തുരങ്കം തകര്‍ന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ മുഴുവന്‍ ടണല്‍ നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചു.