ശിവമോഗ: കർണാടകയിലെ ശിവമോഗയിലെ ഒരു മിണ്ടാപ്രാണിയുടെ സ്‌നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. തന്നെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിലെത്തി ദുഃഖംപങ്കിടുകയാണ് ഒരു തെരുവുനായ.
മരിച്ച യുവാവിന്റെ വീട്ടിലെത്തിയ നായ അമ്മയെ കാണുകയും തന്റെ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരിയെ ബസ് സ്റ്റോപ്പിൽ വിട്ട് തിരിച്ചുപോകുന്നതിനിടെയാണ് 21കാരനായ തിപ്പേഷ് എന്ന യുവാവ് മരണപ്പെട്ടത്.
ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽ ദാവണഗരെയിലെ ഹൊന്നാള്ളി ഏരിയയിലെ ക്യസനകെരെ സ്വദേശിയായ തിപ്പേഷ് കഴിഞ്ഞ നവംബർ 16 നാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ വാഹനത്തിനുമുന്നിൽ ചാടിയതോടെ ഇടിക്കാതിരിക്കാൻ തിപ്പേഷ് ബൈക്ക് വെട്ടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് മറിഞ്ഞുവീണ തിപ്പേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും വൈകാതെ മരണപ്പെടുകയും ചെയ്തു.
അപകടസ്ഥലത്തുനിന്ന് തിപ്പേഷിന്റെ മൃതദേഹം മാറ്റിയപ്പോൾ ആ വാഹനത്തിനു പിന്നാലെ തെരുവുനായയും കൂടി. യുവാവിന്റെ വീട്ടിലേത്തിയ നായ ആ പരിസരത്തുതന്നെ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാരിൽ ചിലർ നായയെ തല്ലിയോടിച്ചെങ്കിലും മൂന്നു ദിവസത്തിനുശേഷം വീണ്ടും തിപ്പേഷിന്റെ വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.
‘വീട്ടിലേക്ക് കയറിവന്ന നായ എന്റെ കൈയിൽ തല ചായ്ച്ചു. കൈ തന്നു. ഏറെ ദുഃഖിതനായിരുന്നുവെന്ന് തോന്നി. മകന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചതുപോലെയാണ് തോന്നിയത്.’- എന്നാണ് തിപ്പേഷിന്റെ അമ്മ യശോദാമ്മ പറഞ്ഞത്.
ALSO READ- ആശ്വാസ വാര്‍ത്ത: അബിഗേല്‍ സാറെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
അപകടസ്ഥലത്തുനിന്ന് 8 കിലോമീറ്റർ ദുരെയുള്ള തിപ്പേഷിന്റെ വീട്ടിലേക്ക് നായ നടന്നെത്തുകയായിരുന്നു എന്നതും കൗതുകമാവുകയാണ്. തിപ്പേഷിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സമയത്തും ഈ നായ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
മൂന്നുദിവസത്തിനുശേഷമാണ് തെരുവുനായ വീട്ടിൽ കയറി അമ്മയെ കണ്ടത്. അതേസമയം, തിപ്പേഷിന്റെ മരണത്തിനു കാരണമായ നായയോട് ദേഷ്യമില്ലെന്ന് സഹോദരി ചന്ദന വ്യക്തമാക്കി.
‘അതൊരു അപകടമായിരുന്നു. നിർഭാഗ്യം കൊണ്ട് ഞങ്ങൾക്ക് സഹോദരനെ നഷ്ടമായി.’ – എന്നാണ് ചന്ദന പ്രതികരിച്ചത്. ഈ നായ ഇപ്പോൾ തിപ്പേഷിന്റെ വീട്ടിൽ തന്നെ കിടപ്പാടം കണ്ടെത്തിയിരിക്കുകയാണ്.
Discussion about this post