ബംഗളൂരു: ശിവാജി നഗറില്‍ സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കൂക് റോഡില്‍ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി കെട്ടിടമാണ് തകര്‍ന്നത്. 80 കുരുന്നുകള്‍ പഠിക്കുന്ന നഴ്‌സറിയാണിത്.
തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കെട്ടിടം നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ വന്‍ അത്യാഹിതമാണ് ഒഴിവായത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് സ്ഥലം എം.എല്‍.എയോട് പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. 50 വര്‍ഷത്തിലേറെ പഴക്കമുള്ളതായിരുന്നു കെട്ടിടം. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ നടപടികള്‍ ആരംഭിച്ചിരുന്നതായി ശിവാജി നഗര്‍ എംഎല്‍എ റിസ്‌വാന്‍ അര്‍ഷദ് പ്രതികരിച്ചു.
രണ്ടു വര്‍ഷം മുമ്പ് സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ ആറു സ്‌കൂളുകള്‍ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ പുനര്‍നിര്‍മിക്കാന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു. ബിബിഎംപി അധികൃതര്‍ എത്തി കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി.