ആരാണ് ഹൈദർ? ബിജെപി ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യ നഗർ’ എന്നാക്കും: കേന്ദ്രമന്ത്രിയായ തെലങ്കാന ബിജെപി അധ്യക്ഷൻ

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയിൽ വോട്ടർമാർക്ക് പുതിയ വാഗ്ദാനവുമായി ബിജെപി. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റുമെന്നാണ് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയുടെ വാദം.

ഹൈദരബാദ് നഗരത്തിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞങ്ങൾ അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദർ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദർ വന്നത് നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ ബിജെപി അധികാരത്തിലെത്തിയാൽ ഉറപ്പായും ഞങ്ങൾ ‘ഹൈദറി’നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കും’,- എന്നാണ് കിഷൻ റെഡ്ഡി പറഞ്ഞത്.

കൂടാതെ, പേരുകൾ മാറ്റുമ്പോൾ പണ്ഡിതന്മാരോട് ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ പറഞ്ഞിരുന്നു. തെലങ്കാനയിൽ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്. മഹബൂബ് നഗറിന്റെ പേര് പലമുരു എന്നാക്കി മാറ്റണമെന്നും യോഗി പറഞ്ഞിരുന്നു.

ALSO READ- നിറകണ്ണുകളോടെ മകള്‍, കണ്ണീരിനെ പാട്ടില്‍ അലിയിച്ച് പൊട്ടിച്ചിരിപ്പിച്ച് യാത്രയാക്കി അച്ഛന്‍

അതേസമയം, 119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ നിലവിൽ ബിജെപിക്ക് ഒരു എംഎൽഎ മാത്രമാണ് ഉള്ളത്. 2018-ലെ തിരഞ്ഞെടുപ്പിൽ 6.98 ശതമാനം വോട്ട് മാത്രമാണ് സംസ്ഥാനത്ത് ബിജെപിയ്ക്ക് ലഭിച്ചത്.

Exit mobile version