ന്യൂഡല്‍ഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മന്ദിര്‍ എന്നു വിളിക്കപ്പെടും. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ധനസഹായം ലഭിക്കുന്ന പിഎച്ച്‌സികളുടേയും എഫ് എച്ച്‌സികളുടെയും പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് നിര്‍ബന്ധമായും മാറ്റണമെന്നാണ് നിര്‍ദേശം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറുടെ കത്ത് രണ്ടു ദിവസം മുമ്പാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.
താഴേത്തട്ടിലുള്ള ആശുപത്രികളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററാക്കി ഉയര്‍ത്തി പേരു മാറ്റണം. നിലവില്‍ 5000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 700 ലേറെ കുടുംബാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ പേരു നല്‍കേണ്ടി വരും.
സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ പേര് പ്രദര്‍ശിപ്പിക്കണം. പേരിന് മാറ്റം വരുത്താന്‍ 3000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ പേരു മാറ്റം പൂര്‍ത്തിയാക്കണം. ആയുഷ്മാന്‍ മാന്‍ ഭാരത് പോര്‍ട്ടലില്‍ ഫോട്ടോ അപ് ലോഡ് ചെയ്യണം. നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങളനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണ ജോലികള്‍ 98 ശതമാനം പൂര്‍ത്തിയായപ്പോഴാണ് പുതിയ നിര്‍ദേശങ്ങള്‍ കിട്ടിയത്. പേരു മാറ്റം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പദ്ധതി പ്രകാരമുള്ള ഫണ്ട് ലഭിക്കു. നിലവില്‍ കേന്ദ്രഫണ്ട് ലഭിക്കാത്തതിനാല്‍ ആശാ പ്രവര്‍ത്തകരുടെ ശമ്പള വിതരണമുള്‍പ്പെടെ പ്രതിസന്ധിയിലാണ്.