ജലോർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ പോളിങ് ശതമാനം ഉയർത്താനുള്ള രാജു നാരായണ സ്വാമിയുടെ ശ്രമം ഫലം കണ്ടു. നല്ലൊരു ശതമാനം വോട്ടർമാരും രാജസ്ഥാന് പുറത്തു ബിസിനസ്സ് ചെയ്യുന്നവരാണ് എന്നതാണ് ജലോർ ജില്ലയുടെ പ്രത്യേകത. പ്രവാസി സംഘങ്ങളുടെ സഹായത്തോടെ ഇവരുടെ വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വീഡിയോ കോൾ നടത്തി അവരെ വോട്ട് ചെയ്യാൻ നാട്ടിലെത്താൻ പ്രേരിപ്പിക്കുക എന്നതാണ് നിരീക്ഷകനായ സ്വാമിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കൂടം നടത്തിയ പ്രധാന ഉദ്യമം.
ഹിന്ദി ഭാഷയിൽ കുങ്കുമ പത്രിക എന്ന പേരിൽ കല്യാണക്കുറിയുടെ രൂപത്തിൽ ” വോട്ട് ചെയ്യാൻ നാട്ടിലെത്തൂ ” എന്ന അഭ്യർത്ഥനകളും നൂതന ആശയം എന്ന രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടു. തങ്ങളുടെ ബൂത്ത് പരിധിയിലുള്ള “എൻ . ആർ. ആർ.” മാരെ കണ്ടെത്തി വീണ്ടും വീണ്ടും വിഡിയോകോൺഫെറെൻസിങ് / സൂം മീറ്റിംഗ് മുഖേന അഭ്യർത്ഥിക്കുവാൻ ബി. എൽ.ഓ. മാർക്കു നിർദ്ദേശവും നൽകി. ഓരോ ബൂത്ത് പരിധിയിലും ഉള്ളവരുടെ എണ്ണം പരിമിതമായതിനാൽ ബിഎൽഓ മാരുടെ ദൗത്യം എളുപ്പം ആവുകയും ചെയ്തു.
തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിൽ ” ഞാൻ തീർച്ചയായും നാട്ടിലെത്തി വോട്ട് അവകാശം വിനിയോഗിക്കും ” എന്ന ഇ – പ്രതിജ്ഞ നടത്തുകയും പ്രതിജ്ഞ എടുത്തവർക്കു ഇ- സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. പാരഡികൾ മുഖേന ഈ സംരംഭം ജനകീയമാക്കുവാനും അധികൃതർ മറന്നില്ല.
നവംബര്‍ 23 നു ഏകാദശി ആയതിനാൽ നിരവധി വിവാഹങ്ങൾ അന്ന് നിശ്ചയിച്ചിരുന്നതും ജില്ലാ ഭരണ കൂടത്തിൻറെ ഉദ്യമം എളുപ്പം ആക്കി. വിവാഹങ്ങൾക്കെത്തിയ ഭൂരിഭാഗം “എൻ ആർആർ” മാരും വോട്ട് ചെയ്ത ശേഷമാണു മടങ്ങിയത്. ഇതോടെ പോളിങ് പത്തു ശതമാനത്തോളം ഉയർന്നു .