ഭോപ്പാൽ: വിവാഹം നടക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യപ്രദേശിൽ പോലീസുകാരനെ കൊലപ്പെടുത്തി ബന്ധുക്കൾ. ഗ്വാളിയാർ സ്വദേശിയായ സ്പെഷ്യൽ ആംഡ് ഫോഴ്സ് (എസ്എഎഫ്) കോൺസ്റ്റബിൾ അനുരാഗ് രജാവത് (32) ആണ് കൊല്ലപ്പെട്ടത്. അനുരാഗിനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരനായ പിതാവ് സുഖ്വീർ രജാവത്, ഇളയമകൻ ഗോവിന്ദ്, കുടുംബസുഹൃത്ത് ബീം സിങ് പരിഹാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അനുരാഗ് തന്റെ വിവാഹം നടത്താത്തത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കം കയ്യങ്കളിയിൽ കലാശിക്കുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭോപ്പാലിൽ ജോലി ചെയ്യുകയായിരുന്നു അനുരാഗ്. വീട്ടുകാർ തന്നെ വിവാഹം കഴിപ്പിക്കാത്തത് സംബന്ധിച്ച് സ്ഥിരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു ഇയാളെന്നാണ് വിവരം. അതേസമയം, കടുത്ത മദ്യപാനിയായിരുന്ന അനുരാഗിന്റെ വിവാഹാലോചനകളെല്ലാം സ്ഥിരമായി മുടങ്ങിപ്പോവുകയായിരുന്നു.
തുടർന്നാണ് ബുധനാഴ്ച തർക്കമുണ്ടായത്. ഈസമയത്ത് വീട്ടിൽ സഹോദരനും പിതാവും സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. തർക്കം രൂക്ഷമായതോടെ ഗോവിന്ദ് അനുരാഗിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനുരാഗ് കൊല്ലപ്പെട്ടതോടെ പ്രതികൾ മൃതദേഹം മറവുചെയ്യാൻ ശ്രമിച്ചെങ്കിലും രാത്രി പെട്രോളിങ്ങിനെത്തിയ പോലീസിനുമുന്നിൽ കുടുങ്ങി.
വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെ ഗിർവായ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് മൂവരും പിടിയിലാവുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. മൂവരെയും കസ്റ്റഡിയിലെടുത്ത് അൽപ്പ സമയത്തിനകം എസ്എഎഫ് പരിസരത്തെ കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
Discussion about this post