മുംബൈ: ജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവബിസിനസുകാരനെ ഭാര്യ മർദ്ദിച്ച് കൊലപ്പെടുത്തി. പൂണെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്ന(36)യാണ് ഭാര്യയുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രേണുക(38)യെ പോലീസ് അറസ്റ്റ് ചെയ്തു.
രേണുകയുടെ ജന്മദിനം ആഘോഷിക്കാനായി ദുബായിലേക്ക് കൊണ്ടുപോകാത്തതിന്റെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. ഇരുവരും തർക്കിക്കുന്നതിനിടെ രേണുക നിഖിലിന്റെ മൂക്കിനിടിച്ചിരുന്നു. ഇതേ തുടർന്ന് രക്തസ്രാവമുണ്ടായി. നിഖിലിന്റെ ചില പല്ലുകളും പൊട്ടി. തുടർന്ന് അബോധാവസ്ഥയിലായി വീണ നിഖിൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദമ്പതിമാർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽവെച്ച് സംഭവം നടന്നത്. രേണുകയുടെ ജന്മദിനം ആഘോഷിക്കാനായി ദുബായിൽ കൊണ്ടുപോകാത്തതിനാണ് ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായത്. ഇതിനുപുറമേ ഭർത്താവ് വിലകൂടിയ സമ്മാനങ്ങൾ നൽകാതിരുന്നതും ഭാര്യയെ പ്രകോപിപ്പിച്ചിരുന്നു.
ജന്മദിനത്തിനും വിവാഹവാർഷികത്തിനും ഭർത്താവ് വിലയേറിയ സമ്മാനങ്ങളൊന്നും നൽകിയില്ലെന്ന് രേണുക പലതവണ പരാതിപ്പെട്ടിരുന്നു. ഡൽഹിയിൽ ചില ബന്ധുക്കളുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കൊണ്ടുപോയില്ലെന്നും രേണുക നിഖിലിനോട് പരാതിപ്പെട്ടിരുന്നു.
ഇതേതുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.