ചെന്നൈ: നടന്‍ തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. മോശം പരാമര്‍ശത്തില്‍ നടനെതിരെ പോലീസ് കേസെടുത്തിരുന്നു. വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ താന്‍ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ നിലപാട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംഭവവും ഉണ്ടായി. ഏറ്റവുമൊടുവില്‍ കോടതിയില്‍ നിന്നുള്ള വിമര്‍ശനവും പോലീസിന് മുന്നിലെത്തി മൊഴി നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതില്‍ താന്‍ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
ലിയോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം വിവാദമായത്. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന്‍ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകന്‍ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നെങ്കിലും മാപ്പ് പറയാന്‍ തയ്യാറല്ലെന്നായിരുന്നു നടന്‍ അന്ന് പറഞ്ഞത്.
തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുന്‍ സിനിമകളില്‍ മറ്റ് നടിമാരോട് ചെയ്തതുപോലെ അവളെയും കിടപ്പുമുറിയിലേക്ക് കൊണ്ടുപോകാമെന്ന് ഞാന്‍ കരുതി. ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്, അത് എനിക്ക് പുതിയ കാര്യമല്ലെന്നായിരുന്നു നടന്റെ പരാമര്‍ശം.