ഭോപ്പാല്‍: സ്‌കൂളില്‍ പുസ്തകം കൊണ്ടുവരാന്‍ മറന്നതിനെ തുടര്‍ന്ന് അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാന്‍ നിര്‍ദേശിച്ച നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി രുദ്ര നാരായണ്‍ സേത്തിയാണ് മരിച്ചത്.
ചൊവ്വാഴ്ച രുദ്രയും മറ്റ് ഏഴ് വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ പുസ്തകങ്ങള്‍ കൊണ്ടുവരാന്‍ മറന്നിരുന്നു. ഇതേ തുടര്‍ന്ന് ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാന്‍ അധ്യാപിക ജ്യോതിര്‍മയി പാണ്ടെ നിര്‍ബന്ധിക്കുകയായിരുന്നു.
കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണന്‍ കുഴഞ്ഞുവീണു. ഉടന്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എസ്സിബി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബുധനാഴ്ച അഡീഷണല്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രവരഞ്ജന്‍ പതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തി. റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് ജാജ്പൂര്‍ ജില്ലാ കളക്ടര്‍ ചക്രവര്‍ത്തി സിംഗ് റാത്തോഡും പ്രതികരിച്ചു.