കുറച്ചുദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേതാണെന്ന തരത്തിൽ പ്രചരിക്കുന്ന ഗർബ നൃത്തം ഡീപ് ഫെയ്ക്ക് വഴി കെട്ടിച്ചമച്ചതല്ലെന്ന് തെളിഞ്ഞു. വീഡിയോ മോഡിയുടെ അപരന്റേതാണെന്നാണ് വ്യക്തമായത്. മുംബൈയിലെ ഒരു ബിസിനസുകാരനും മോഡിയുടെ അപരനുമായ വികാസ് മഹന്തെയാണ് ഗർബ നൃത്തം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടേത് എന്ന തരത്തിൽ പ്രചരിക്കുന്നത് തന്റെ വീഡിയോ ആണെന്ന് വികാസ് മഹന്തെ അറിയിച്ചു. മുംബൈ കാന്തിവ്ലി നിവാസിയാണ് വികാസ്. നരേന്ദ്ര മോഡി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവ ഡീപ്ഫെയ്ക്ക് വീഡിയോ ആണെന്ന് പ്രചാരണങ്ങൾ നടന്നിരുന്നു.
ഇതിനിടെ, താൻ ഗർബനൃത്തം ചെയ്യുന്നതിന്റെ വ്യാജ വിഡിയോ പുറത്തിറങ്ങിയിട്ടുണ്ടെന്നും നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡീപ്ഫെയ്ക് ചിത്രങ്ങൾ ഇറങ്ങുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇത് ഡീപ് ഫെയ്ക്ക് അല്ലെന്നും തന്റെ വിഡിയോ ആണെന്നും അവകാശപ്പെട്ട് വികാസ് മഹന്തെ രംഗത്തെത്തിയത്. ലണ്ടനിൽ ഗുജറാത്തി സമാജത്തിന്റെ ദീപാവലി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇത് ഡീപ് ഫേയ്ക്ക് വിഡിയോ ആണെന്ന് പ്രധാനമന്ത്രി ഉൾപ്പടെ തെറ്റിധരിച്ചതിൽ പ്രയാസമുണ്ടെന്നും വികാസ് മഹന്തെ പറഞ്ഞു. ഡീപ് ഫേയ്ക്കിനെതിരെ നിയമം കടുപ്പിക്കണമെന്നാണ് സർക്കാരിനോട് വികാസ് മഹന്തെ ആവശ്യപ്പെടുന്നത്.
Discussion about this post