ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലി ആയുര്‍വേദ തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ രോഗങ്ങള്‍ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി രംഗത്തെത്തിയത്.
കോവിഡ് -19 വാക്സിനേഷനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലിക്ക് താക്കീത് നല്‍കിയിത്. പതഞ്ജലിയോട് വഞ്ചനാപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും അനുസരിക്കാത്തതിന് കാര്യമായ പിഴ ചുമത്തുമെന്നും സുപ്രീംകോടതി അറിയിച്ചു.
പതഞ്ജലി ആയുര്‍വേദിന്റെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണം. അത്തരം ലംഘനങ്ങള്‍ കോടതി വളരെ ഗൗരവമായി കാണുകയും ഒരു പ്രത്യേക രോഗം ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നത് പരിഗണിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് അമാനുള്ള അഭിപ്രായപ്പെട്ടു.
ഐഎംഎയുടെ പരാതി പ്രകാരം, മെഡിക്കല്‍ ഫ്രേണിറ്റി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരെ രാംദേവ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. കോവിഡ് -19 പാന്‍ഡെമിക് സമയത്ത് അലോപ്പതി മരുന്നുകളുടെ ഉപയോഗത്തിനെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്ക് ഐഎംഎ നല്‍കിയ വിവിധ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന രാംദേവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269, 504 വകുപ്പുകള്‍ പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസുകള്‍ റദ്ദാക്കാനുള്ള അപേക്ഷ കേന്ദ്രത്തിനും അസോസിയേഷനും ഒക്ടോബര്‍ 9 ന് രാംദേവ് നല്‍കിയിരുന്നു
Discussion about this post