ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ ടണലില്‍ കുടുങ്ങിയ നാല്‍പത് തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. 15 മീറ്റര്‍ കൂടി തുരന്നാല്‍ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമം. 45 മീറ്ററാണ് ഇതുവരെ ഡ്രില്ല് ചെയ്തത്. കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറിഞ്ച് വീതിയുള്ള പൈപ്‌ലൈന്‍ വഴി ഉള്ളിലുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു.
ഈ വേഗതയില്‍ എല്ലാം ശരിയാണെങ്കില്‍, രാത്രി വൈകിയോ നാളെ രാവിലെയോ നമുക്ക് ചില ‘നല്ല വാര്‍ത്തകള്‍’ ലഭിക്കും: മഹമൂദ് അഹമ്മദ്, ഡയറക്ടര്‍, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.
നവംബര്‍ പന്ത്രണ്ടിനാണ് നിര്‍മാണത്തിലിരിക്കെ തുരങ്കമിടിഞ്ഞ് തൊഴിലാളികള്‍ കുടുങ്ങിയത്. പുലര്‍ച്ചെ 5.30-നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടാവുന്നത്. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 ജീവനുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപ്പോലെ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. അമേരിക്കന്‍ നിര്‍മിത യന്ത്രമുപയോഗിച്ചാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. ഡ്രില്ലിങിനിടെ മണ്ണിടിഞ്ഞതോടെ തുരങ്കത്തിന് മുകളില്‍ നിന്ന് തുരക്കാനുള്ള ശ്രമവും രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു.
തൊഴിലാളികള്‍ സുരക്ഷിതരായി തുടരുന്നുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഫലം കാണുന്നതിനും തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് നാടും കുടുംബങ്ങളും.