മുസ്‌ലിംകള്‍ക്കുള്ള നാല് ശതമാനം സംവരണം നിര്‍ത്തലാക്കും: എസ്സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യും; തെലങ്കാനയില്‍ വന്‍ പ്രഖ്യാപനവുമായി അമിത്ഷാ

തെലങ്കാന: തെലങ്കാനയിലെ മുസ്‌ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബര്‍ 30ന് തെലങ്കാനയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജഗ്തിയാലില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം.

മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കുകയും, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയിലും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കിടയിലും അത് വിതരണം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്കിടയില്‍ മുസ്ലിം സംവരണം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്.സി വിഭാഗത്തില്‍ സംവരണവും ഷാ പ്രഖ്യാപിച്ചു.

ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രചാരണം പുരോഗമിച്ചത്. തെലങ്കാന മുഖ്യമന്ത്രി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയെ ഭയന്നാണ് കെ ചന്ദ്രശേഖര്‍ റാവു ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാത്തതെന്ന് അമിത് ഷാ ആരോപിച്ചു. ‘റസാക്കറുകളില്‍ നിന്നുള്ള നമ്മുടെ മോചനത്തെ ഓര്‍ക്കാന്‍ നമ്മള്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കേണ്ടതല്ലേ? ഒവൈസിയെ ഭയന്ന് കെസിആര്‍ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുന്നില്ല. എന്നാല്‍ ഒവൈസിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ഹൈദരാബാദ് വിമോചന ദിനം സംസ്ഥാന ദിനമായി ആഘോഷിക്കും’, അമിത് ഷാ പറഞ്ഞു.

തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. തെലങ്കാനയില്‍ നവംബര്‍ 30 നാണു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഡിസംബര്‍ 3നാണ് നടക്കുക. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്നറിയപ്പെട്ടിരുന്ന ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) 119 സീറ്റുകളില്‍ 88 എണ്ണം നേടിയാണ് അധികാരത്തിലെത്തിയത്. മൊത്തം വോട്ടിന്റെ 47.4 ശതമാനമാണ് ബിആര്‍എസ് നേടിയത്. 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

Exit mobile version