മുംബൈ: ലോകകപ്പ് വിജയമെന്ന സ്വപ്നം തകര്‍ന്നെങ്കിലും ഇന്ത്യ ടീമിന്റെ പ്രകടനത്തിന് അഭിനന്ദനപ്രവാഹമാണ്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്പിച്ചാണ് ഓസ്ട്രേലിയന്‍ ടീം കപ്പ് സ്വന്തമാക്കിയത്. വിജയിയെന്ന നിലയില്‍ ഓസ്ട്രേലിയക്ക് ഏകദേശം 33 കോടി രൂപ സമ്മാനത്തുക ലഭിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് 16 കോടി രൂപ മാത്രമാണ്.
എന്നാല്‍ ലോകകപ്പ് നേടിയാല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സമ്മാനം കമ്പനി ഉപഭോക്താക്കളുടെ വാലറ്റിലേക്ക് സമ്മാനിക്കാന്‍ തയ്യാറായിരിക്കുകയാണ് ഓണ്‍ലൈന്‍ ജ്യോതിഷ കമ്പനിയായ
ആസ്ട്രോടോക്ക് സ്ഥാപകനും സിഇഒയുമായ പുനിത് ഗുപ്ത. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം 100 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിനോടുള്ള ബഹുമാനം കാരണം അദ്ദേഹം തന്റെ പദ്ധതിയില്‍ വീണ്ടും മാറ്റം വരുത്തി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ വിജയിച്ചില്ലെങ്കിലും, മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിന് ആദരസൂചകമായി ആസ്ട്രോടോക്ക് 100 കോടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ടീം തോല്‍ക്കുന്നത് കാണുന്നതില്‍ കൂടുതല്‍ സങ്കടപ്പെടാന്‍ ഒന്നുമില്ലെന്നും പുനിത് ഗുപ്ത തന്റെ പോസ്റ്റില്‍ കുറിച്ചു. മറ്റൊരു രാജ്യവും ചെയ്യാത്ത വിധം നിങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഇതാണ് ജീവിതം.
ചിലപ്പോള്‍ നമ്മള് തോല്‍ക്കും, ചിലപ്പോള്‍ ജയിക്കും. ഇന്ന് നമ്മള് തോറ്റു കണ്ണീര് പൊഴിച്ചു, ഈ ടീമിനെ ഓര്‍ത്ത് അഭിമാനിക്കണം. ഈ ഇന്ത്യന്‍ ടീമിന് നമ്മള് സ്നേഹവും പിന്തുണയും നല്‍കണം, അവര്‍ക്ക് അത് ഏറ്റവും ആവശ്യമാണ്. ലോകകപ്പ് നേടിയില്ലെങ്കിലും അവരെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ 100 കോടി രൂപ വിതരണം ചെയ്യും, കാരണം ഇന്ന് ഞങ്ങള്‍ തോറ്റെങ്കിലും ഞങ്ങളുടെ ടീം ഇന്ത്യയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു.- പുനിത് ഗുപ്ത കുറിച്ചു.
Discussion about this post