കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളിനെ ബാധിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പണിമുടക്കിനെക്കുറിച്ച് ഒന്നും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഏത് തരത്തിലുള്ള ബന്ദാകട്ടെ അവയ്ക്കെതിരെ വ്യക്തമായ നിലപാടാണ് പശ്ചിമബംഗാള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മമത വ്യക്തമാക്കി.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 500 അധിക ബസ് സര്‍വ്വീസ് നടത്തുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പോലീസ് സംവിധാനം പ്രവര്‍ത്തിക്കുക. സ്വകാര്യ ബസ് സര്‍വ്വീസ് ഉടമകളും ടാക്സി-കാബ് സര്‍വ്വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. നഗരത്തിലുടനീളം അധികം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post