മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.
നിലവില്‍ പട്ടികജാതി – പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക.
**ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്‍ പാസാക്കാനാകില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്‍ പാസാക്കേണ്ടതുണ്ട്.
ഗൌരവമുള്ള ഭരണഘടന ഭേദഗതിയായതിനാല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട് പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആ പ്രക്രിയയിലേക്ക് കടക്കൂ. എങ്കിലും ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിനം ഇങ്ങനെയൊരു ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാകും പ്രതിപക്ഷം ചോദ്യം ചെയ്യുക.
എച്ച്.എ.എല്ലിന് നല്‍കിയ കരാര്‍ സംബന്ധിച്ച് പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദവും പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിക്കും. റഫാല്‍ വിഷയത്തില്‍ തുറന്ന സംവാദത്തിന് രാഹുല്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.
Discussion about this post