നടി വിജയശാന്തി ബിജെപി വിട്ടു; വീണ്ടും കോണ്‍ഗ്രസിലേക്ക്

ഹൈദദാബാദ്: നടിയും ബിജെപി നേതാവുമായ വിജയശാന്തി പാര്‍ട്ടി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. ബുധനാഴ്ചയാണ് താരം ബിജെപിയില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

തെലങ്കാന സംസ്ഥാനാധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. ഈയിടെ മുന്‍ എംപി വിവേക് വെങ്കട്ട്‌സ്വാമി, മുന്‍ എംഎല്‍എ കോമതി റെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാര്‍ട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുന്നതായി മനസ്സിലാക്കിയതോടെ ബി.ജെ.പി വിടാന്‍ തീരുമാനമെടുത്തു.

ബി.ജെ.പിയുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയാണ് വിജയശാന്തി രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. കുറച്ചുകാലമായി നടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009-ല്‍ ടിആര്‍എസ്സില്‍ നിന്ന് എംപിയായ വിജയശാന്തി 2014-ല്‍ കോണ്‍ഗ്രസിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെ തുടര്‍ന്നാണ് ബിജെപിയിലെത്തിയത്.

Exit mobile version