പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് പെണ്‍കുട്ടി; യുവാവ് ഗുരുതരാവസ്ഥയില്‍, അറസ്റ്റ്

ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്.

ലഖ്നൗ: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം പോലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നു.

ആരും വീട്ടില്‍ ഇല്ലാതിരുന്ന സമയം തന്നെ 23കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. യുവാവില്‍ നിന്ന് രക്ഷപ്പെട്ട യുവതി അല്‍പസമയത്തിനുള്ളില്‍ കത്തിയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവത്തില്‍ യുവാവിന്റെ മൊഴി പുറത്തുവന്നു. തന്റെ ചെറുപ്പകാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താനെന്നും, സംഭവദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുകയായിരുന്നുമാണ് യുവാവ് മൊഴി നല്‍കിയത്.

തുടര്‍ന്ന് യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version