ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം. പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ബസില്‍ 55 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ദോഡ ജില്ലയിലെ അസര്‍ മേഖലയില്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 19 പേരെ പരിക്കുകളുമായി പുറത്തെടുത്തു. അപകടത്തില്‍പെട്ട ബസിന് മതിയായ രേഖകളിലില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
അതേസമയം, അപകടത്തില്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
Discussion about this post