ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്. പണി മുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍ വലിയ പ്രതികരണം ഉണ്ടായില്ല. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, തുടങ്ങി ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ ജനജീവിതം സാധാരണ നിലയിലാണ്. ഇവിടെ വ്യാപാരസ്ഥാപനകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ ദേശീയ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃപ്പൂണിത്തറയിലും തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്. ആലപ്പുഴയിലും കോഴിക്കോട്ടും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.
അതേസമയം, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ പണിമുടക്കിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. കൊല്‍ക്കത്തയില്‍ സമരം നടത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ അസന്‍ സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ഒഡീഷയില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഭൂവനേശ്വറില്‍ ദേശീയ പാത 16 ഉപരോധിച്ചു. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റു പ്രമുഖ നഗരങ്ങളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനങ്ങള്‍ നടത്തി. റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാജ്യത്ത് എല്ലായിടത്തും മെട്രോ ട്രെയിനുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്.
Discussion about this post