മംഗളുരു: കർണാടകയിലെ ഉഡുപ്പിയിൽ വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ അമ്മയെയും മൂന്നുമക്കളെയും കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടൽ. 46 വയസുള്ള വീട്ടമ്മ ഹസീന, 23 വയസുള്ള മകൻ അഫ്‌നാൻ 21 വയസുള്ള മകൾ അനിനാസ്, ഇളയ കുട്ടി 14കാരൻ അസീം എന്നിവരാണു അതിക്രൂരമായി കൊല്ലപ്പെട്ടത്. മാൽപെ പോലീസ് സ്റ്റേഷൻ പരിധിയിലെ നെജ്ജറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു അജ്ഞാതന്റെ കൊടും ക്രൂരത.
കർണാടകയിൽ വലിയരീതിയിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് നടുക്കുന്ന ഈ സംഭവം. തൃപ്തി നഗറിലെ വീട്ടിലേക്ക് ഓടിക്കയറിയ അക്രമി അമ്മയെയും മൂന്ന് കുട്ടികളെയും കുത്തി വീഴ്ത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇയാളെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി വീട്ടിനുള്ളിൽ കടന്നു ഹസീനയെയും രണ്ടു പേരെയും ആക്രമിച്ചു.
ഈ സമയത്ത് വീടിനു പുറത്തുണ്ടായിരുന്ന ഇളയ മകൻ അസീം നിലവിളി കേട്ടാണ് വീട്ടിലേക്ക് ഓടിയെത്തിയത്. പിന്നാലെ അസീമിനെയും കൊലയാളി കുത്തി. ഹസീനയുടെ ഭർതൃമാതാവിനും കുത്തേറ്റു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും മൂന്നുമക്കളും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരിച്ചു.
ഹസീനയുടെ ഭർതൃമാതാവ് സാരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപ പ്രദേശമായ സന്തേക്കാട്ടിൽ നിന്നാണ് ഇയാൾ ഓട്ടോറിക്ഷയിൽ വന്നത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട ഇയാൾക്കായി മാൽപെ പോലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്. ഇയാൾ എത്തിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു.
മരിച്ച അഫ്‌നാൻ എയർ ഇന്ത്യയിൽ ജോലി ചെയ്ത് വരികയാണ്. അനിനാസ് ലോജിസ്റ്റിക് കോഴ്‌സ് പഠിക്കുകയാണ്. ഇളയ കുട്ടി അസീം എട്ടാംക്ലാസിലാണ്. മൂവർക്കും ഇൻഡിഗോ എയർലൈൻസിൽ ജോലി ചെയ്യുന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്. സംഭവ സമയത്ത് ഹസീനയുടെ ഈ മകൻ വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം, കൊലകളുടെ കാരണം വ്യക്തമല്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും സംഭവസ്ഥലം സന്ദർശിച്ച ഉഡുപ്പി എസ്പി അറിയിച്ചു. മരിച്ച ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് വിദേശത്താണ്.