ചെന്നൈ: ക്ഷേത്ര പരിസരത്തെ പെരിയാർ പ്രതിമകൾ നീക്കുമെന്ന പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദം ഉയർത്തിയ ആളായിരുന്നു പെരിയാറെന്ന് അണ്ണാമലൈ പറഞ്ഞു. പെരിയാർ വിരുദ്ധ പരാമർശം വലിയ രീതിയിൽ വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് അണ്ണാമലൈ വാക്കുകൾ തിരുത്തി രംഗത്തെത്തിയത്.
തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ വന്നാൽ ക്ഷേത്രങ്ങൾക്കു സമീപത്തെ പെരിയാർ പ്രതിമകളും നിരീശ്വരവാദ സന്ദേശങ്ങളും നീക്കം ചെയ്യുമെന്നായിരുന്നു അണ്ണാമലൈ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ പറഞ്ഞത്. ശ്രീരംഗം ക്ഷേത്രത്തിൽ സംസാരിക്കവെയാണ് ക്ഷേത്ര പരിസരത്തെ പെരിയാർ സന്ദേശങ്ങൾ കൊത്തിവെച്ചതും പെരിയാർ പ്രതിമയും നീക്കം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞത്.
അതേസമയം, ക്ഷേത്രത്തിനു സമീപമുള്ള പെരിയാർ പ്രതിമകൾ മാറ്റുമെന്ന് ആവർത്തിച്ച അണ്ണാമലൈ, അവ എവിടെയാണോ വേണ്ടത് അവിടെ സ്ഥാപിക്കുമെന്നും പ്രതികരിച്ചു. പെരിയാർ പ്രതിമകളോടു ബിജെപിക്കു വലിയ ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരംഗത്തെ ജനങ്ങളും സംസ്ഥാനത്തെ ക്ഷേത്രവിശ്വാസികളും പെരിയാർ പ്രതിമകളിലെ വചനങ്ങൾ അംഗീകരിക്കുന്നില്ലെന്നും ബിജെപി 2026ൽ അധികാരത്തിലെത്തിയാൽ അവ നീക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ ദേവസ്വം വകുപ്പ് പിരിച്ചുവിടുമെന്നും ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ധവളപത്രം ഇറക്കുമെന്നും അണ്ണാമലൈ അറിയിച്ചു.
Discussion about this post