മുംബൈ: വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സണ്ണി ലിയോണ്‍. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് താരം 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ സണ്ണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും എത്തിയിരുന്നു. സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒരുദിനം പിന്നിട്ടപ്പോഴേക്കും സന്തോഷവാര്‍ത്തയെത്തി, കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയിരിക്കുന്നു.
സണ്ണി തന്നെയാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. കണ്ടെത്തി… ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുംബൈ പോലീസിന് വളരെയധികം നന്ദി അറിയിക്കുന്നു.
24 മണിക്കൂറുകള്‍ക്ക് ശേഷം അനുഷ്‌കയെ ഞങ്ങള്‍ക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത വൈറലാക്കിയ വെല്‍വിഷേസ് അടക്കമുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്നാണ് സണ്ണി ലിയോണി സന്തോഷം പങ്കിട്ട് കുറിച്ചത്.
മുംബൈയിലെ ജോഗേശ്വരി ഭാഗത്ത് വെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേര് വിവരങ്ങളും ചിത്രവും സണ്ണി ലിയോണി പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കള്‍ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോണ്‍ നമ്പറുകളും താരം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.
കുട്ടിയെ കണ്ടെത്തുന്നവര്‍ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെട്ടത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവര്‍ക്കോ കുട്ടിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കോ പണമായി ഉടനടി 11000 രൂപ നല്‍കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50000 രൂപ കൂടി നല്‍കുമെന്നും സണ്ണി ലിയോണി പറഞ്ഞിരുന്നു. എല്ലാവരും കണ്ണുകള്‍ തുറന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തണമെന്നാണ് നടി ആവശ്യപ്പെട്ടത്. കുട്ടിയെ കണ്ടെത്തിയെന്ന് സണ്ണി അറിയിച്ചതോടെ നടിയുടെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ ആരാധകരും പങ്കുകൊണ്ടു.