ഡെറാഡൂണ്‍: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന സൈറന്‍ മുഴക്കി പാഞ്ഞ ആംബുലന്‍സ് സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പോലീസ് കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം.
ബത്‌റൗജ്ഖാന്‍ മോഹന്‍ ബാരിയറില്‍ പോലീസ് സംഘം പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സില്‍ ഒരു സന്നദ്ധ സംഘടനയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റെന്നും എഴുതിയിരുന്നു.
ചെക്ക് പോയിന്റില്‍ ആംബുലന്‍സ് ഡ്രൈവര്‍ അസ്വഭാവിക തിടുക്കം കാണിക്കുന്നതായി തോന്നിയ പോലീസുകാര്‍ കാര്യം അന്വേഷിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി രാംനഗറിലെ ആശുപത്രിയിലേക്ക് പോവുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി.
എന്നാല്‍ മറുപടിയില്‍ സംശയം തോന്നിയ പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. വാഹനം നിര്‍ത്തി പിന്‍ഭാഗം തുറന്നപ്പോള്‍ രോഗിക്ക് പകരം ആംബുലന്‍സിലുണ്ടായിരുന്നത് 16 ചാക്കുകളില്‍ നിറയെ കഞ്ചാവ് ആയിരുന്നു. വിപണിയില്‍ ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന 218 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.
ആംബുലന്‍സ് ഓടിച്ചിരുന്ന റോഷന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. പോലീസ് പിന്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ ഇയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം പൊലീസുകാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.