പാട്ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയായായിരുന്നു പ്രസംഗം.
പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശം. ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നു. സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ഞാന്‍ നിലകൊണ്ടിട്ടുണ്ട്, നിതീഷ് കുമാര്‍ പറഞ്ഞു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.
വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ സഹായിക്കുന്നുവെന്ന് അശ്ലീല അംഗ വിക്ഷേപങ്ങളോടെയായിരുന്നു സഭയില്‍ നിതീഷ്കുമാര്‍ പറഞ്ഞത്. ദേശീയവനിതാ കമ്മിഷനും ബിജെപിയും നീതീഷിന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചു. പുതിയ ജാതി സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിഹാറില്‍ ജാതി സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post