ബംഗളൂരു: റെയിൽവേ ട്രാക്കിലേയും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള ആക്രി പെറുക്കി വിറ്റു ജീവിക്കുന്ന യുവാവിന് അപ്രതീക്ഷിതമായി കൈവന്നത് കോടികൾ. ആക്രി പെറുക്കുന്ന 39 കാരനായ സലിമാനാണ് റെയിൽവെ പാളത്തിൽ നിന്നും മൂന്ന് മില്യൺ ഡോളർ (25 കോടി രൂപ) വീണുകിട്ടിയത്. പോലീസിനെ അറിയിക്കണോ പണം സ്വന്തമാക്കണോ ഇത്ര വലിയ തുകയെ കുറിച്ച് ആരെയെങ്കിലും അറിയിച്ചാൽ പ്രശ്‌നങ്ങൾ വരുമോ എന്നൊക്കെ ആലോചിച്ച് സലിമാന്റെ ഉറക്കവും നഷ്ടമായിരിക്കുകയാണ്.
ബംഗളൂരുവിലെ നാഗവാര റെയിൽവെ ട്രാക്കിൽ ആക്രി പെറുക്കുന്നതിനിടെയാണ് ഒരു പാക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. പുസ്തക കെട്ടാണെന്നാണ് ആദ്യം കരുതിയതെന്നും കറൻസി നോട്ടുകളാണെന്ന് അപ്പോൾ തനിക്ക് അറിയില്ലായിരുന്നുവെന്ന് ബംഗാളിൽ നിന്നും ജോലിക്കായി വന്ന സലിമാൻ പറയുന്നു.
പിന്നീട് ജോലി അവസാനിപ്പിച്ച് വീട്ടിലെത്തി പൊതി തുറന്നപ്പോഴാണ് 23 കെട്ട് യുഎസ് ഡോളറാണിതെന്ന് കണ്ടെത്തിയത്. ഒരു രാസവസ്തുവിന്റെ മണമുണ്ടായിരുന്നു പൊതിക്കെന്നും ഇതോടെ തനിക്ക് ശാരീരിക അസ്വസ്ഥത തോന്നിയെന്നും സലിമാൻ പറയുന്നു.
പിന്നീട് ഇതാരോട് പറയണമെന്നോ അറിയാതെ സലിമാൻ കുഴങ്ങി. ജോലി തന്നെ മുതലാളിയാകട്ടെ സ്തളത്തുണ്ടായിരുന്നുമില്ല. പോലീസിനോട് പറഞ്ഞാൽ താൻ കുറ്റക്കാരനാവുമോ എന്ന് പേടിച്ചു. അങ്ങനെയാണ് പ്രദേശത്തെ സാമൂഹ്യപ്രവർത്തകനായ കലിമുള്ളയെ സമീപിച്ചത്. അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദയെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
ഈ കറൻസി നോട്ടുകൾ കണ്ട് പോലീസ് പോലും അമ്പരന്നു. ഉടൻ തന്നെ കമ്മീഷണർ ഹെബ്ബാൾ പോലീസ് ഇൻസ്‌പെക്ടറെ വിളിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേരിലുള്ള ഒരു കുറിപ്പും ഈ കറൻസിക്കൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ സുഡാനിലെ യുഎൻ സമാധാന സേനയ്ക്കുള്ള പണം എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ഇതോടെ ഈ പണം കള്ളനോട്ടുകളാണെന്ന് പോലീസ് സംശയിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) പരിശോധനയ്ക്കായി പോലീസ് അയച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമമായി തീരുമാനം പറയുക ആർബിഐ ആണെന്നാണ് പോലീസ് അറിയിച്ചു.
‘ബ്ലാക്ക് ഡോളർ’ തട്ടിപ്പ് സംഘത്തിന്റേതാവും ഈ കറൻസികളെന്നാണ് പോലീസിന്റെ നിഗമനം. കറൻസി കൈമാറ്റത്തിന്റെ പേരിൽ വ്യാജ നോട്ടുകൾ നൽകി പറ്റിക്കുന്ന സംഘത്തിന്റേതാണ് ഈ നോട്ടുകളെന്നും സംശയിക്കുന്നു.
Discussion about this post