ലക്‌നൗ: പാമ്പിനൊപ്പം വെല്ലുവിളി നടത്തിയ യുവാവ് പാമ്പുകടിയേറ്റു മരിച്ചു. 22കാരനായ രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. പാമ്പിനൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അഹിരൗലി ഗ്രാമത്തില്‍ നിന്നുള്ള രോഹിത് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഭഗവാന്‍ ശിവനാണെന്ന് നടിച്ച് തന്നെ കടിക്കാന്‍ രോഹിത് പാമ്പിനെ വെല്ലുവിളിക്കുകയായിരുന്നു.
പാമ്പിനെ എടുത്ത് കയ്യിലും കഴുത്തിലും ചുറ്റുകയും ചെയ്തു. കടിക്കാനായി സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു രോഹിത്. സിഗരറ്റ് വലിക്കുന്നതിനിടെ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ശംഖുവരയന്‍ വിഭാഗത്തില്‍ പെടുന്ന പാമ്പാണ് കടിച്ചത്.
4 മിനിറ്റും 38 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഖുഖുണ്ടു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. ജയ്‌സ്വാള്‍ അവിവാഹിതനാണ്. മാതാപിതാക്കള്‍ സിലിഗുരിയിലാണ് താമസിക്കുന്നത്. മറ്റ് സഹോദരന്മാര്‍ ഗ്രാമത്തിന് പുറത്ത് ജോലി ചെയ്യുകയാണ്.