ബെംഗളൂരു: ഏറെ കോളിളക്കമുണ്ടാക്കിയ കർണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎസ് പ്രതിമ (45) കൊല്ലപ്പെട്ട സംഭവത്തില് അവരുടെ മുൻഡ്രൈവർ കസ്റ്റഡിയിൽ. പ്രതിമ ഒരാഴ്ച മുൻപ് പിരിച്ചുവിട്ട ഡ്രൈവർ കിരണാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതിമയ്ക്ക് മുൻ കാർഡ്രൈവറായിരുന്ന കിരണുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് നൽകുന്നവിവരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഒരാഴ്ച മുൻപ് കിരണിനെ പ്രതിമ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഒപ്പം പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് സൂചനകൾ.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പിന്നീട് പ്രതി കിരൺ ആണെന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം, ഇതേക്കുറിച്ച് പോലീസ് ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ തനിച്ച് താമസിച്ചിരുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഫോണിൽവിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.
ശ്വാസംമുട്ടിച്ചും കഴുത്തറുത്തുമാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ അഞ്ചുവർഷത്തോളമായി താമസസ്ഥലത്ത് തനിയെയാണ് താമസം. ഭർത്താവ് ശിവമോഗ തീർഥഹള്ളിയിലാണ് താമസം. 12 വയസ്സുള്ള ഒരുമകനുണ്ട്.
ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നെന്നാണ് വിവരം. തുടർന്ന് രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടിൽ തിരിച്ചെത്തി. രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.