ഊട്ടി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കോത്തഗിരിയിലെ തോട്ടം ഉടമ 30 ജീവനക്കാർക്കു സമ്മാനമായി നൽകിയത് ഇരുചക്രവാഹനങ്ങൾ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തന്റെ സ്ഥാപനത്തിലെ വിശ്വസ്തരായ 30 ജീവനക്കാരെ തിരഞ്ഞെടുത്ത് ഒരിക്കലും മറക്കാത്ത സമ്മാനം നൽകിയത്.
തന്റെയും സ്ഥാപനത്തിന്റെയും വളർച്ചയ്ക്കു കാരണക്കാരായ തൊഴിലാളികളെ ദീപാവലി സമ്മാനം നൽകി ആദരിക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കീഴ്‌കോത്തഗിരിയിലെ തേയിലത്തോട്ടം, കൂൺകൃഷി, മലയോര പച്ചക്കറികൾ, കോറണേഷൻ പൂക്കളുടെ കൃഷി തുടങ്ങിയ മേഖലയിൽ 600 തൊഴിലാളികളാണു ജോലി ചെയ്യുന്നത്.
ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 പേർക്കാണ് ഇരുചക്ര വാഹനം സമ്മാനിച്ചത്. വാച്ച്മാൻ മുതൽ മാനേജർ വരെയുള്ളവർ സമ്മാനം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഓരോരുത്തർക്കും അവരുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് വാഹനം നൽകിയത്.
2.70 ലക്ഷം രൂപ വിലയുള്ള 2 എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്‌കൂട്ടറുകൾ എന്നിവയാണു സമ്മാനമായി വിതരണം ചെയ്തത്. കൂടാതെ, വാഹനം ലഭിക്കാത്ത മറ്റ് തൊഴിലാളികളേയും ഉടമ നിരാശരാക്കിയില്ല. അവർക്കായി സ്മാർട് ടിവി, മിക്‌സി, ഗ്രൈൻഡർ തുടങ്ങിയവയും പണവുമെല്ലാം ബോണസായി സമ്മാനിച്ചിരിക്കുകയാണ്.