ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പിൽ വേട്ടക്കാരിൽ ഉൾപ്പെട്ടയാളാണ് മരിച്ചത്. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു.
വേട്ടക്കാരുടെ പത്തംഗസംഘമാണ് വനത്തിൽ മാൻവേട്ടയ്ക്ക് ഇറങ്ങിയത്. ഇവരിൽ ഒരാളായിരുന്നു മനുവും. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് പുറത്തെത്തിയ വിവരം. രാത്രി വനത്തിനുള്ളിൽ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലർച്ചെയാണ് കർണാടക പോലീസിന് വിവരം ലഭിച്ചത്.
വേട്ടക്കാരുടെ സംഘത്തിലുള്ളവർക്കായി വനത്തിൽ തിരച്ചിൽ തുടരുകയാണ്. വനത്തിലെ എൻട്രി പോയിന്റിലും എക്സിറ്റ് പോയിന്റിലും പോലീസെത്തി പരിശോധന നടത്തിയതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണമുണ്ടായത്.
രാത്രി പട്രോളിംഗിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മാൻവേട്ടയ്ക്കിറങ്ങിയ പത്തംഗസംഘത്തെ നേരിട്ടത്. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുകൂട്ടരും പരസ്പരം വെടിവെച്ചു. ഇതിനിടെയാണ് മനു കൊല്ലപ്പെട്ടത്. പത്തംഗസംഘത്തിലെ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ബാക്കി എട്ടുപേർ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.