ന്യൂഡല്‍ഹി: കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് തയ്യല്‍ സൂചി. കാന്തം ഉപയോഗിച്ചാണ് ഡോക്ടര്‍ന്മാര്‍ സൂചി പുറത്തെടുത്തത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ആദ്യം കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടി. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്‌സ്‌റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ സൂചി കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടിയെ ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് സൂചി കണ്ടെത്തിയത്. എന്നാല്‍ സൂചി ശ്വാസകോശത്തില്‍ ആഴത്തില്‍ തറച്ചിരുന്നു. തുടര്‍ന്നാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കില്‍ കുട്ടിക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ആവശ്യമായി വരുമായിരുന്നുവെന്ന് ഡോ. ജെയിന്‍ പറഞ്ഞു. 4 എം എം വീതിയും 1.5 എം എം കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്. സൂചി സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി ഡിസ്ചാര്‍ജ് ചെയ്‌തെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.