ചെന്നൈ: പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനാല്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട് തൂത്തുക്കുടിയിലാണ് ദാരുണ സംഭവം നടന്നത്. മാരി സെല്‍വം (23), കാര്‍ത്തിക(21) എന്നിവരെയാണ് വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
മാരിസെല്‍വവും കാര്‍ത്തികയും ഒരേ ജാതിയില്‍ നിന്നുള്ളവരാണ്. എന്നാല്‍ മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാല്‍ കാര്‍ത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് മാരിയും കാര്‍ത്തികയും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോവില്‍പെട്ടി സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചു ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
ഇതില്‍ രോഷംപൂണ്ട പെണ്‍വീട്ടുകാരുടെ സംഘം വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് എത്തുകയും ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താന്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കൂടി എസ് പി പറഞ്ഞു. ഷിപ്പിങ് കമ്പനിയിലാണ് കൊല്ലപ്പെട്ട മാരിസെല്‍വം ജോലി ചെയ്തിരുന്നത്.
Discussion about this post