ബൈക്കിടിച്ച് ചോരവാര്‍ന്ന് റോഡില്‍ കിടന്ന സംവിധായകന് ദാരുണമരണം; സഹായിക്കാതെ വീഡിയോ പകര്‍ത്തി ജനങ്ങള്‍; മൊബൈലും ക്യാമറയും മോഷ്ടിച്ചും ക്രൂരത

ന്യൂഡല്‍ഹി: സിനിമാ-ഡോക്യമെന്ററി സംവിധായകനായ പിയൂഷ് പാലി(30)ന് അപകടത്തില്‍ പരിക്കേറ്റ് ദാരുണമരണം. തിരക്കേറിയ ഗതാഗതത്തിനിടയില്‍ മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പിയൂഷ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ പിയൂഷ് 20 മിനിറ്റോളം റോഡില്‍ കിടന്നിട്ടും ആരും സഹായിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ ശ്രമിച്ചില്ല. കൂടാതെ, പീയൂഷിന്റെ മൊബൈല്‍ഫോണും ക്യാമറയും മോഷ്ടിക്കുകയും ചെയ്തത് മനസാക്ഷിയെ ഉലച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 28 ന് രാത്രി 10 മണിയോടെയായിരുന്നു അപകടം. പിയൂഷിന്റെ മോട്ടോര്‍ ബൈക്ക് പഞ്ചശീല്‍ എന്‍ക്ളേവിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ലെയിന്‍ മാറുന്നതും വേഗതകുറച്ചതിനിടെ പിന്നില്‍ നിന്നും മറ്റൊരു ബൈക്ക് വന്നിടിക്കുന്നതും വീഡിയോയില്‍ കാണാനാകുന്നുണ്ട്.

ഇടിയുടെ ആഘാതത്തില്‍ പിയൂഷിന്റെ ബൈക്ക് തെന്നിപ്പോകുകയും ഏതാനും മീറ്റര്‍ ദൂരത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. രക്തം വാര്‍ന്നു കിടന്ന പീയൂഷിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫ്രീലാന്‍സ് സിനിമാപ്രവര്‍ത്തകനാണ് പിയുഷ് പാല്‍. ഗുരുഗ്രാം സ്വദേശിയാണെങ്കിലും ഡല്‍ഹിയിലെ കാല്‍ക്കാജിയിലാണ് താമസിക്കുന്നത്. അതേസമയം, കൃത്യസമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിയൂഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പ്രതികരിച്ചു.

ALSO READ- റോഡില്‍ കുഴികുത്തി ജല അതോറിറ്റി; സ്വയം കുഴിച്ചകുഴിയില്‍ വീണ് ജല അതോറിറ്റിയുടെ വാഹനം; നാട്ടുകാര്‍ക്ക് കൗതുകം; ഒടുവില്‍ രക്ഷയ്‌ക്കെത്തി മണ്ണുമാന്തി യന്ത്രം

നടുറോഡില്‍ സഹായം തേടി 20 മിനിറ്റ് കിടന്നിട്ടും വഴിയെ വന്ന ആരും തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആള്‍ക്കാര്‍ ചുറ്റും കൂടി നിന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.

അദ്ദേഹത്തിന്റെ വിലകൂടിയ മൊബൈല്‍ഫോണും ജിഒ-പ്രോ ക്യാമറയും മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്തെന്നും സുഹൃത്ത് ആരോപിച്ചു. രാത്രി 10 മണി വരെ അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് ഓഫായെന്നും സുഹൃത്ത് അറിയിച്ചു.


ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നില്‍ വന്നിടിച്ചത് ബണ്ടി എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version