ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത്തവണ മലയാളത്തിലാണ് മോഡി ആശംസകള്‍ അറിയിച്ചത്.
‘ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവര്‍ നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു തുടരട്ടെ’- എന്ന് മോഡി എക്സില്‍ കുറിച്ചു.
കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ.
— Narendra Modi (@narendramodi) November 1, 2023
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍മീഡിയയിലൂടെ കേരളപ്പിറവി ആശംസകള്‍ അര്‍പ്പിച്ചിരുന്നു. സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാം എന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താമെന്നും ആശംസാസന്ദേശത്തില്‍ ഗവര്‍ണര്‍ കുറിച്ചു. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കുറിച്ചു.
Discussion about this post