‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ഫോണ്‍ തരാം’; പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ അദാനിക്ക് വേണ്ടി, ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ പരാതിക്കിടെ കേന്ദ്രസര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മോഡിയും ചോര്‍ത്തുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അധികാരവും മോഡിയുടെ ആത്മാവും അദാനിക്കൊപ്പമാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാമതും മോഡി രണ്ടാമതും അമിത് ഷാ മൂന്നാമതുമാണെന്നും രാഹുല്‍ പരിഹസിച്ചു. അദാനിക്കെതിരെ എന്തങ്കിലും പറഞ്ഞാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നും രാഹുല്‍ ആരോപിച്ചു.

അതേസമയം, ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, കോണ്‍ഗ്രസ് മീഡിയ ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനത്, കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എന്നിവരാണ് രംഗത്തെത്തിയത്.
ALSO READ- ‘ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട്’; സുരേഷ് ഗോപിയെ പിന്തുണച്ച് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവ്
വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. തന്റെ ഓഫീസിലെ മൂന്നു പേരുടെ ഫോണ്‍ ചോര്‍ത്തി. എത്ര വിവരങ്ങള്‍ ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങള്‍ക്ക് തന്റെ ഫോണ്‍ വേണമെങ്കില്‍ തരാമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.

ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്ടിയാണ്. ഇന്ത്യയുടെ രാഷ്ട്രീയം ഞങ്ങള്‍ മനസ്സിലാക്കി. ബിജെപി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. സമയം വരുമ്പോള്‍ അദാനി സര്‍ക്കാറിനെ എങ്ങനെ പുറത്താക്കാമെന്ന് ഞങ്ങള്‍ കാണിച്ചുതരാമെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version