ലക്‌നൗ: വൃക്ക രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മകന് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സാ സൗകര്യം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ബിജെപി എംപി. ലക്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ചത്.
എമര്‍ജന്‍സി വാര്‍ഡില്‍ കിടത്തിചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് ബിജെപി മുന്‍ എംപി ഭൈരന്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്ര മരിച്ചത്. തുടര്‍ന്ന് മകന്റെ മൃതദേഹവുമായി ഭൈരന്‍ പ്രസാദ് മണിക്കൂറുകളോളം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
വൃക്കസംബന്ധമായ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് രാത്രി പതിനൊന്നുമണിയോടെ ഭൈരന്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വാര്‍ഡില്‍ ചികിത്സാ സൗകര്യം ലഭ്യമായില്ലെന്ന് ഭൈരന്‍ പ്രസാദ് മിശ്ര പറഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘എന്റെ മകനെ എനിക്ക് നഷ്ടമായി.ഞാന്‍ അവിടെയിരുന്നു പ്രതിഷേധിച്ചു. ആ സമയത്ത് 25 ഓളം പേര്‍ ചികിത്സതേടി അവിടെയെത്തി. എല്ലാവര്‍ക്കും അയാളെ കുറിച്ച് പരാതി ഉണ്ടായിരുന്നു. അയാള്‍ ശിക്ഷിക്കപ്പെടണം.’- എന്നാണ് ഭൈരന്‍ പ്രസാദ് മിശ്ര പറഞ്ഞത്.
അതേസമയം, മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്.
ഇതിനിടെ സംഭവത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷവും രംഗത്തെത്തി. ഇത് ആശുപത്രിയുടെ വീഴ്ചയല്ലെന്നും ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഴ്ചയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ബജറ്റില്‍ ആശുപത്രിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാത്തതെന്നു അഖിലേഷ് യാദവ് ചോദ്യം ചെയ്തു.
കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് യുപി സര്‍ക്കാരിന്റെ പ്രതികരണം. നടപടിയെടുക്കാന്‍ വീഴ്ചയുണ്ടാകില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.