ആന്ധ്ര ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 14 ആയി

പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടും.

അമരാവതി: ഇന്നലെ ആന്ധ്രപ്രദേശില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടും.

വിഴിയനഗരത്തിലാണ് ഇന്നലെ എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ദാരുണ അപകടം നടന്നത്.

റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്പ്രസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്. അതേസമയം, സിഗ്‌നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.

Exit mobile version