അലിഗഡ്: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മകനെ വില്ക്കാന് ഒരുങ്ങി അച്ഛന്. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 11 വയസ്സുകാരനായ മകനെയാണ് ഇ-റിക്ഷാ ഡ്രൈവറായ രാജ്കുമാര് മകനെ വില്ക്കാന് തീരുമാനിച്ചത്.
അലിഗഡിലെ ഗാന്ധി പാര്‍ക്കിലെ കമ്പനി ബാഗ് ജംഗ്ഷനില്‍ ‘എന്റെ മകനെ വില്‍ക്കും’ എന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടിതൂക്കി കുടുംബത്തോടൊപ്പം ഇയാള്‍ നില്‍ക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പണം ഇടപാടുകാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പണം കൊടുത്തവര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഇതോടെയാണ് രാജ്കുമാര് മകനെ വില്ക്കാന് തീരുമാനിച്ചത്.
തന്റെ താമസ സ്ഥലത്ത് നിന്നും ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും ഇറക്കി വിട്ടെന്നും പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ലെന്നും ഇയാള്‍ പറയുന്നു. ഒരു നിശ്ചിത തുക നല്‍കുന്നവര്‍ക്ക് തന്റെ മകന് ചേതനെ വില്ക്കാന് താന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു.
ആറ് മുതല്‍ 8 ലക്ഷം രൂപ വരെ നല്‍കുന്നവര്‍ക്ക് തന്റെ മകനെ നല്കാന് തയ്യാറാണെന്നും അതിലൂടെ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും രാജകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആ പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്താനും മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ആഗ്രഹിക്കുന്നതായും ഇയാള്‍ പറഞ്ഞു.
Discussion about this post