റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ധനസഹായം നല്‍കുന്നുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് യുവതിയുടെ കുഞ്ഞിനേയും കൊണ്ട് രണ്ടംഗ സംഘം കടന്നുകളഞ്ഞതായി പരാതി. ധോണിയുടെ ജന്മനാടായ റാഞ്ചിയിലെ ഹര്‍മുവിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജഗന്നാഥപുര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ലിച്ചി ബഗാന്‍ സ്വദേശിനിയായ മധു ദേവി എന്ന സ്ത്രീയുടെ ഒന്നരവയസുകാരന്‍ മകനെയാണ് അജ്ഞാതരായ സ്ത്രീയും പുരുഷനും ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ദുര്‍ഗ പൂജയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ ധോണി 50,000 രൂപ
ധനസഹായം നല്‍കുന്നുണ്ടെന്നും അതുവാങ്ങിയെടുക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് യുവതിയെ കബളിപ്പിച്ച് മകനെ തട്ടിയെടുക്കുകയായിരുന്നു.
യുവതി രണ്ട് മക്കളുമായി കടയില്‍ ദുര്‍ഗ പൂജ നടക്കുന്ന വേദിയിലെ സ്റ്റാളുകളില്‍ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴാണ് തട്ടിപ്പുസംഘം സമീപിച്ചത്. ബൈക്കിലെത്തിയ ഒരു സ്ത്രീയും പുരുഷനും മധു ദേവിയെ സമീപിച്ച് ക്രിക്കറ്റ് താരം ധോണി ദുര്‍ഗ പൂജയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ ഉള്‍പ്പെടെ ധനസഹായം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇതു വിശ്വസിച്ച നിഷ്‌കളങ്കയായ മധു ദേവി പണം നല്‍കുന്നതെവിടെയാണ് എന്ന് ചോദിച്ചു. ഇതോടെ അടുത്തുതന്നെയുള്ള സ്ഥലത്തുവച്ചാണ് ധനസഹായ വിതരണമെന്നും കൂടെ വന്നാല്‍ അവിടെ എത്തിക്കാമെന്നും സ്ത്രീയും പുരുഷനും അറിയിക്കുകയായിരുന്നു.
ഇതോടെ മധു ഇവരുടെ നിര്‍ദേശം അനുസരിച്ച് മൂത്തകുട്ടിയെ സമീപത്തെ കടയില്‍ ഇരുത്തുകയും ഇളയ കുഞ്ഞുമായി യുവാവിനും യുവതിക്കും ഒപ്പം പോവുകയായിരുന്നു. ഇവരുടെ വാഹനത്തില്‍ കുറച്ചകലെയുള്ള ഇലക്ട്രിസിറ്റി ഓഫീസിന് സമീപമെത്തിയപ്പോള്‍ മധുദേവിയെ അവിടെ ഇറക്കി ഇവിടെവച്ചാണ് സഹായവിതരണം എന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും കാത്തിരിക്കാനായി ആവശ്യപ്പെട്ട് ബിസ്‌കറ്റും വെള്ളവും നല്‍കുകയായിരുന്നു.
ഇതുകേട്ട് ബൈക്കില്‍ നിന്നും ഇറങ്ങിയ മധുദേവി ബിസ്‌കറ്റ് കഴിച്ച് ഓഫീസിലേക്ക് പോകാനൊരുങ്ങുന്നതിനിടെ ബോധംകെട്ടുവീണു. പിന്നീട് കണ്ണുതുറന്നപ്പോള്‍ കുഞ്ഞിനേയും യുവതിയേയും യുവാവിനേയും കണ്ടില്ല. ഇതോടെയാണ് ഇവരുടെ കുഞ്ഞുമായി യുവതിയും യുവാവും കടന്നുകളഞ്ഞെന്ന് വ്യക്തമായത്.
തന്നെ കബളിപ്പിച്ചതാണെന്ന് മനസിലാക്കിയ മധു ദേവിയുടെ നിലവിളിക്കുകയും സഹായം തേടുകയും ചെയ്തു. ഓടിക്കൂടിയവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെയും ബൈക്കിനേയും കണ്ടെത്താനായില്ല. പരാതിയെത്തുടര്‍ന്ന് അര്‍ഗോഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ദുര്‍ഗ പൂജയുടെ മറവില്‍ സൈബര്‍ തട്ടിപ്പ് ഉള്‍പ്പടെ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.