പട്ന: ബിഹാറില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ആര്‍വാല്‍ സ്വദേശിയായ ഭഗല്‍പുര്‍ പോലീസിലെ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ശോഭയുടെ ഭര്‍ത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവ് ഒളിവില്‍പോയി.
വെള്ളിയാഴ്ചയാണ് പട്നയിലെ ഹോട്ടല്‍മുറിയിലാണ് ശോഭാകുമാരിയെ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നഗ്നമാക്കിയ നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ സിന്ദൂരം വിതറിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
ജോലി കിട്ടിയതിന് ശേഷം ശോഭാകുമാരി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് ശോഭാകുമാരി ഭര്‍തൃവീട്ടിലെത്തിയത്. പരിശീലന കാലയളവായതിനാല്‍ ശോഭാ കുമാരിക്ക് അവധി ലഭിക്കാനും പ്രയാസമായിരുന്നു. ആറുവര്‍ഷം മുന്‍പാണ് ഗജേന്ദ്രയാദവും ശോഭാകുമാരിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒരുമകളുണ്ട്.
കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന ഗജേന്ദ്രയാദവും ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന ശോഭാകുമാരിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2022-ലാണ് ശോഭാകുമാരി പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭഗല്‍പുര്‍ പോലീസില്‍ പരിശീലനത്തിലായിരുന്ന ശോഭാകുമാരിയെ ഏതാനുംദിവസം മുന്‍പാണ് ദുര്‍ഗാപൂജ ഡ്യൂട്ടിയുടെ ഭാഗമായി പട്നയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യയെ കാണാനായി പട്നയിലെത്തിയ ഭര്‍ത്താവ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
Discussion about this post