ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍

പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജാ

ന്യൂഡല്‍ഹി:ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജാ പറഞ്ഞു. ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള സഹായമാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ് അദ്‌നാന്‍ അബു അല്‍ഹൈജാ പറഞ്ഞു.

ജീവന്‍ രക്ഷാ മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിര്‍ത്തി വഴി ഗാസയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

6.5 ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്യുക.

Exit mobile version