കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താലുകളും പ്രതിഷേധങ്ങളും നടത്തി സംഘര്‍ഷ ഭൂമിയാക്കിയിട്ടും ജനങ്ങളുടെ എതിര്‍പ്പ് മാത്രം സമ്പാദിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടി. സോഷ്യല്‍മീഡിയയിലൂടെ ക്യാംപെയിന്‍ ആരംഭിച്ചിട്ടും ബിജെപിയെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് എല്ലാ ശ്രമങ്ങളും. ഏറ്റവും ഒടുവിലായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വിദ്വേഷ പ്രചരണത്തെയാണ് സോഷ്യല്‍മീഡിയ തള്ളിക്കളഞ്ഞിരിക്കുന്നത്. ഒപ്പം പണികിട്ടിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും.
സേവ് കേരള ഫ്രം കമ്മ്യൂണിസ്റ്റ്‌സ് എന്ന കെ സുരേന്ദ്രന്റെ ക്യാംപെയിനാണ് സോഷ്യല്‍മീഡിയ തേച്ചൊട്ടിച്ചത്. കെ സുരേന്ദ്രന്റെ ഈ പോസ്റ്റിന് കീഴില്‍ ‘സേവ് കേരള ഫ്രം ആര്‍എസ്എസ്’, ‘സേവ് കേരള ഫ്രം ചാണക സംഘി’ തുടങ്ങിയ കമന്റുകള്‍ തോരാമഴയായി പെയ്തിറങ്ങുകയായിരുന്നു. പിന്നാലെ ഈ ക്യാംപെയിന്‍ പ്രധാനമന്ത്രി മോഡിയുടെ ഒഫീഷ്യല്‍ പേജിലേക്കും നീണ്ടിരിക്കുകയാണ്.
ഒഡീഷയില്‍ നടത്തിയ റാലിയെ കുറിച്ച് മോഡി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴെ മലയാളികളുടെ സേവ് കേരളാ ഫ്രം ആര്‍എസ്എസ് ക്യാംപെയിന്‍ തുടരുകയാണ്. റെക്കോര്‍ഡ് കമന്റാണ് പോസ്റ്റിനു കീഴില്‍. ചുരുക്കി പറഞ്ഞാല്‍ പ്രാദേശിക നേതാവിന്റെ എടുത്തചാട്ടം കുഴപ്പത്തിലാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയേയും ബിജെപി കേന്ദ്ര നേതൃത്വത്തേയുമാണ്. രാജ്യതലത്തില്‍ തന്നെ ഇതോടെ ഈ ക്യാംപെയിന് വന്‍ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.