ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; ബംഗളൂരുവില്‍ നാല് നില കെട്ടിടത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി റൂഫ് ടോപ്പില്‍ നിന്നും താഴേക്ക് ചാടി യുവാവ്

ബംഗളൂരു: നഗരത്തിലെ കോറമംഗല താവരക്കെരെ ജംക്ഷനില്‍ 4 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന്റെ റൂഫ് ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന മഡ്‌പൈപ്പ് കഫെ ഹുക്കാബാറിലാണ് വന്‍ തീപിടിത്തമുണ്ടായത്. കഫെയിലെ ജീവനക്കാരന്‍ രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

ഹൊസൂര്‍ റോഡില്‍ ഫോറം മാളിനു സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഫെയില്‍ ഉണ്ടായിരുന്ന 8 ഗ്യാസ് സിലിണ്ടറുകളില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത്. തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെടാനായി ജീവനക്കാരനും നേപ്പാള്‍ സ്വദേശിയുമായ പ്രേംകുമാര്‍ (28) നാലാം നിലയില്‍ നിന്ന് ആത്മരക്ഷാര്‍ഥം താഴേക്കു ചാടിയിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇയാളെ ജയനഗര്‍ കെജി ഹോസ്പിറ്റലിലും തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ALSO READ-‘ഭാര്യയ്ക്ക് പാചകം അറിയില്ല, ഭക്ഷണം പാചകം ചെയ്തു തരുന്നില്ല’: വിവാഹ മോചനത്തിനുള്ള മതിയായ കാരണമല്ല; തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ചോര്‍ച്ചയുള്ള സിലിണ്ടറിലേക്ക് തീപടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പോലീസ് സംശയം. ഗ്യാസ് സിലിണ്ടര്‍ ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിതെറിക്കുകയും ആകാശത്തേക്ക് തീഗോളം ഉയരുന്നതും പുറത്തെത്തിയ വീഡിയോകളിലുണ്ട്. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീകെടുത്തിയത്.

അതേസമയം, ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും കത്തിനശിച്ചെന്നാണ് വിവരം. കോറമംഗല ഭാഗത്ത് ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Exit mobile version