കോയമ്പത്തൂര്‍: അമിതവേഗതയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ കൈ വിരലുകള്‍ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് കോയമ്പത്തൂരിലെ ഒതക്കാല്‍ മണ്ഡപത്തിലാണ് സംഭവം നടന്നത്. കിണത്തുകടവിനടുത്ത് താമരക്കുളം സ്വദേശിയായ എം മഹേന്ദ്രന്റെ മൂന്ന് കൈവിരലുകളാണ് ബൈക്കിലെത്തിയ ഏഴംഗ സംഘം വെട്ടിയത്.
പാപ്പംപട്ടി പിരിവിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ് മഹേന്ദ്രന്‍. തിങ്കളാഴ്ച വൈകുന്നേരം മഹേന്ദ്രനും സുഹൃത്തും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം ഇവരെ അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. മഹേന്ദ്രന്‍ ഇവരുടെ അമിത വേഗതയെ ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ഈ സംഭവത്തിന് ശേഷം രാത്രിയോടെ ഒതക്കാല്‍ മണ്ഡപത്തിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മഹേന്ദ്രനെ ഹോട്ടലില്‍ വച്ച് കണ്ട ഏഴംഗ സംഘം തര്‍ക്കത്തിനെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മഹേന്ദ്രന്റെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും ശേഷം പ്രതികള്‍ മഹേന്ദ്രന്റെ വലത് കൈയിലെ രണ്ട് വിരലുകളും ഇടത് കൈയിലെ ഒരു വിരലും മുറിച്ചെടുക്കുകയുമായിരുന്നു.
അക്രമത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് വഴിയാത്രക്കാരാണ് മഹേന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ALSO READ- ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാര്‍; വമ്പന്‍ ഓഫറുമായി പാക് നടി
തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരം സ്വദേശി മറിയ ദിനേശാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. മഹേന്ദ്രന്റെ അറ്റുപോയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.