ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസില്‍ 5 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഡല്‍ഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി പറഞ്ഞത്.
രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവരാണ് കൊലപാതക കേസിലെ പ്രതികള്‍. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. വിധി കേള്‍ക്കാന്‍ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
2008 സെപ്റ്റംബര്‍ 30നാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥന്‍.
2008 സെപ്റ്റംബര്‍ 30-ന് ഹെഡ് ലെയിന്‍സ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെല്‍സണ്‍ മണ്‍ഡേല റോഡിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.
2009 മാര്‍ച്ചിലാണ് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post