മൂന്ന് പേരെ കൊലപ്പെടുത്തി മുങ്ങി; മറ്റൊരു പേരില്‍ ജീവിച്ചത് 20 വര്‍ഷം; ഒടുവില്‍ പോലീസ് പിടിയിലായി മുന്‍നാവികസേനാ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഒരു കൊലപാതകം മറച്ചുവെയ്ക്കാനായി മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തി മുങ്ങിയ പ്രതി മറ്റൊരു സ്ഥലത്ത് പേര് മാറ്റി ജീവിച്ചത് ഇരുപത് വര്‍ഷത്തോളം. ഒടുവില്‍ കുറ്റവാളിയെ വലയാക്കി പോലീസ്. മൂന്നു കൊലപാതകങ്ങള്‍ നടത്തി മുങ്ങിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ ബലേഷ് കുമാറാ(60)ണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം േപാലീസ് പിടിയിലായത്.

ഹരിയാണ സ്വദേശിയാണ് ബലേഷ് കുമാര്‍. 2004-ല്‍ ഡല്‍ഹിയില്‍ താമസിച്ചുവരുന്നതിനിടെയാണ് ഇയാള്‍ സഹോദരനൊപ്പം ചേര്‍ന്ന് ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലുകയും രണ്ടു പേരെ തീയിട്ടു കൊല്ലുകയും ചെയ്ത് കടന്നുകളഞ്ഞത്. രാജേഷ് എന്ന ഡല്‍ഹി സ്വദേശിയായ പരിചയക്കാരനേയും രണ്ട് ബിഹാര്‍ സ്വദേശികളേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി ജീവിക്കുകയായിരുന്ന ഇയാളെ ഈയടുത്ത് ഡല്‍ഹി പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. ഡല്‍ഹിയില്‍ തന്നെ ഇയാള്‍ അമന്‍ സിങ് എന്ന വ്യാജപ്പേരില്‍ താമസിച്ചുവരികയായിരുന്നു.

1996-ല്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ബലേഷ് കുമാര്‍ ഡല്‍ഹിയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. ഇതിനിടെ 2004ല്‍ സഹോദരന്‍ സുന്ദര്‍ലാലിനും രാജേഷ് എന്ന യുവാവിനുമൊപ്പം മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. രാജേഷിന്റെ ഭാര്യയും ബലേഷും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ രാജേഷിനെ ബലേഷ് കുമാറും സഹോദരനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നാലെ ഇരുവരും കൊലപാതകത്തില്‍ നിന്നും രക്ഷപ്പെടാന്‍ പദ്ധതിയിട്ടു.

ബിഹാര്‍ സ്വദേശികളായ രണ്ട് തൊഴിലാളികളെ ജോലിയ്ക്കെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തി.സുന്ദര്‍ലാലിന്റെ ട്രക്കില്‍ രാജസ്ഥാനിലേക്ക് പുറപ്പെടുകയായിരുന്നു. ട്രക്ക് ജോധ്പുര്‍ കടന്നപ്പോള്‍ വാഹനത്തിന് തീയിട്ട് ബലേഷ് രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ട്രക്കില്‍ തന്റെ തിരിച്ചറിയല്‍ രേഖകളും ഇയാള്‍ ഉപേക്ഷിച്ചിരുന്നു.

ALSO READ-‘പെൻഷൻ ശരിയാക്കണം, സുഹൃത്തുക്കളെ കാണണം’; ആഗ്രഹം പൂർത്തിയാക്കി മടങ്ങിയ അജിത് കുമാറിനെ കവർന്ന് ഹൃദയാഘാതം; കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകാതെ കുടുംബം

പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസ് തിരിച്ചറിയല്‍ രേഖകളില്‍ നിന്നും മരിച്ചത് ബലേഷ് കുമാറാണെന്ന ധാരണയില്‍ കേസ് അവസാനിപ്പിച്ചു. ഇതിനിടയില്‍ സുന്ദര്‍ലാല്‍ പിടിയില്‍ ആയിരുന്നു. മരണപ്പെട്ടെന്ന് പോലീസ് സാക്ഷ്യപ്പെടുത്തിയതോടെ ബലേഷ് കുമാറിന്റെ ഭാര്യയ്ക്ക് ഇന്‍ഷുറന്‍സ് തുകയും പെന്‍ഷന്‍ ആനൂകൂല്യങ്ങളും ലഭിച്ചിരുന്നു.


അതേസമയം, പിന്നീട് ഡല്‍ഹിയില്‍ രഹസ്യമായി എത്തിയ ബലേഷ് കുമാര്‍ അമന്‍ സിങ് എന്ന വ്യാജപേരില്‍ വസ്തു ഇടപാടുകാരനായി താമസിച്ചു വരികയായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് പോലീസിന് ബലേഷ് കുമാര്‍ മരിച്ചിട്ടില്ലെന്നും ഡല്‍ഹിയിലെ നജഫ്ഗഢിലുണ്ടെന്നും രഹസ്യവിവരം ലഭിച്ചത്.

തുടര്‍ന്ന് നജഫ്ഗഢിലെത്തിയ പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ബലേഷ് കുമാറിനെതിരെയുള്ള കേസുകളില്‍ പുനരന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version