ജബല്‍പൂര്‍: രണ്ടു വയസ്സുകാരി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടമായ ദേഷ്യത്തില്‍ യുവതി സഹോദരന്റെ കുഞ്ഞിനെ
കഴുത്തു ഞെരിച്ചുകൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ദാരുണ സംഭവം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വീട്ടിലെ സോഫയുടെ അടിയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മുഹമ്മദ് ഷക്കീല്‍ എന്നയാളുടെ മകളാണ് മരിച്ചത്. ഇയാളുടെ സഹോദരിയാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നത്. ഒരു വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് മുഹമ്മദ് ഷക്കീലും കുടുംബവും താമസിച്ചിരുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുട്ടി പിതൃസഹോദരിയുടെ മുറിയിലേക്കുപോയി. ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് ഉറക്കം വന്ന യുവതി കുട്ടിയോട് അമ്മയുടെ അടുത്തേക്കു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി മുറിക്കുപുറത്തിറങ്ങാന് വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് യുവതി മര്‍ദിച്ചപ്പോള്‍ കുട്ടി അനിയന്ത്രിതമായി കരഞ്ഞു. ഇതില്‍ രോഷം കൊണ്ട യുവതി കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post