നാഗപട്ടണം: നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും ആരംഭിച്ച കപ്പല്‍ സര്‍വീസ് ആളില്ലാത്തതിനാല്‍ സര്‍വീസ് തുടങ്ങി രണ്ടാം ദിനം തന്നെ യാത്ര മുടങ്ങി. കഴിഞ്ഞദിവമായിരുന്നു ഉദ്ഘാടനം കഴിഞ്ഞത്. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച കപ്പല്‍ യാത്രയ്ക്ക് യാത്രക്കാരെത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കാണ് ഈ കപ്പല്‍ യാത്ര. ശനിയാഴ്ച സര്‍വീസ് ആരംഭിച്ച കപ്പല്‍ രണ്ടാംദിനമായ ഞായറാഴ്ചയിലെ സര്‍വീസാണ് റദ്ദാക്കിയത്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.
ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ യാത്ര ചെയ്യാന്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്. 150 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ഉദ്ഘാടനയാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരുമെത്തി.
അതേസമയം, ദിവസേനെയുള്ള സര്‍വീസ് യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ഇനി സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച് ഈ മാസം 23-ന് ഗതാഗതം നിര്‍ത്തിവെക്കാനും പിന്നീട് ജനുവരി മുതല്‍ പ്രതിദിന സര്‍വീസ് പുനരാരംഭിക്കാനും തീരുമാനമായി. ലക്ഷദ്വീപില്‍ സര്‍വീസ് നടത്തിയിരുന്ന കപ്പലാണ് ഇപ്പോള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
സര്‍വീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 10-നും 12-ലേക്കും പിന്നീട് 14-ലേക്കും മാറ്റിയിരുന്നു. ഈ അനിശ്ചിതത്വം കാരണമാണ് യാത്രക്കാര്‍ കുറഞ്ഞതെന്നാണ് കരുതുന്നത്. നികുതിയടക്കം 7,670 രൂപയാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. 50 കിലോവരെ ഭാരമുള്ള ബാഗേജ് കൊണ്ടുപോകാം.
Discussion about this post